കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബര്‍ 12 ന് ലോകവ്യാപകമായി റിലീസിന് എത്തുകയാണ്. ഇപ്പോഴിതാ മാമാങ്കത്തിനു ശേഷം വേണു കുന്നപ്പിള്ളി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരികയാണ്. ആ ചിത്രവും നിർമ്മിക്കുന്നത് വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ തന്നെയാകും. ചിത്രത്തെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായാണ് പുറത്തെത്തുന്ന വിവരങ്ങൾ. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.
മലയാളത്തില്‍ ഇതേ വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ സിനിമയാണ് എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഡ്യൂപ്പ് ഇല്ലാതെ ഒറ്റയ്ക്കാണ് മമ്മൂട്ടി ഈ രംഗങ്ങൾ അഭിനയിച്ചതെന്ന് അണിയറപ്രവർത്തകർ പറയുന്നു. സാമൂതിരി കാലഘട്ടത്തിലെ വീരന്മാരായ ചാവേറുകളുടെ പോരാട്ടത്തിന്റെ ചരിത്രമാണ് മാമാങ്കം പറയുന്നത്. മാമങ്കത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് നടി പ്രാച്ചി തെഹ്ലാനാണ്.