പ്രശസ്ത സംവിധായകൻ മണിരത്നം ഒരുക്കിയ പൊന്നിയിൻ സെൽവൻ സിനിമയിൽ നിന്ന് തന്റെ രംഗങ്ങൾ ഒഴിവാക്കിയെന്ന് ഗായകൻ വിജയ് യേശുദാസ്. പൊന്നിയിൻ സെൽവൻ 1ൽ നിന്നാണ് താൻ അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുമ്പോൾ ആയിരുന്നു വിജയ് യേശുദാസ് ഈ തുറന്നു പറച്ചിൽ നടത്തിയത്.
സിനിമാമേഖലയിൽ നിന്ന് തനിക്ക് നേരിട്ട ചില തിരിച്ചടികളെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു വിജയ് യേശുദാസ് ഇക്കാര്യം പറഞ്ഞത്. ബോളിവുഡിൽ താൻ പാടിയ പാട്ട് ഒഴിവാക്കി പകരം മറ്റൊരാൾ പാടിയ പാട്ടാണ് സിനിമയിൽ ഉപയോഗിച്ചത്. അക്ഷയ് കുമാർ നായകനായ റൗഡ് റാഥോർ എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിച്ചിരുന്നു.
ചെന്നൈയിൽ ഒരു ഗാനം റെക്കോർഡ് ചെയ്തുകൊണ്ടിരിക്കവേ സഞ്ജയ് ലീല ബെൻസാലി പ്രൊഡക്ഷൻസിൽ നിന്ന് ഒരു ഫോൺകോൾ വന്നു. ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെവെച്ച് ഞാൻ പാടിയ പാട്ട് മാറ്റി റെക്കോർഡ് ചെയ്തു എന്നാണ് അവർ അറിയിച്ചത്. ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നെന്നും അതുകൊണ്ട് കുഴപ്പമില്ലെന്നും വിജയ് യേശുദാസ് പറഞ്ഞു.