കൊറോണ ശരിക്കും വലിയൊരു നഷ്ടം തന്നെയാണ് മലയാള സിനിമ ലോകത്തിനും പകർന്നിട്ടുള്ളത്. വിദേശരാജ്യങ്ങളിൽ പോയി ഷൂട്ട് ചെയ്യുകയെന്നത് ഈ അടുത്തൊന്നും ഇനി സാധിക്കുന്ന കാര്യം കൂടിയല്ല. കൊറോണ വ്യാപനം തടയുവാൻ വേണ്ടി എല്ലാ രാജ്യങ്ങളും ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മലയാളത്തിലും അങ്ങനെ നിരവധി ചിത്രങ്ങളാണ് പുറത്ത് പോയി ഷൂട്ട് ചെയ്യുവാൻ തീരുമാനിച്ചിരുന്നത്. അതിലൊന്നാണ് വൈശാഖ് – മമ്മൂക്ക ചിത്രം ന്യൂയോർക്ക്. യുജിഎം പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഇര എന്ന സിനിമയിലൂടെ പ്രശസ്തനായ നവീൻ ജോൺ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുക.
അമേരിക്കയിൽ ഷൂട്ട് ചെയ്യുന്ന ഫാമിലി ഡ്രാമ ന്യൂയോർക്ക് മധുരരാജക്ക് ശേഷം വൈശാഖ് – മമ്മൂക്ക ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഇന്നത്തെ ഈ ഒരു അവസ്ഥയിൽ അമേരിക്കയിൽ ഷൂട്ട് നടക്കുന്ന കാര്യം സാധ്യമല്ല. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നാണ് അറിയുവാൻ കഴിയുന്നത്. ഈ വർഷം തന്നെ ചിത്രീകരണം തുടങ്ങുമെന്നും അനൗദ്യോഗികമായ റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ ഷൂട്ട് സാധ്യമല്ലാത്തതിനാൽ ഇന്ത്യയിൽ തന്നെ ഷൂട്ട് ചെയ്ത് ഗ്രാഫിക്സിന്റെ സഹായത്തോടെ ഷൂട്ട് പൂർത്തിയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ വർഷം മധുരരാജയിലൂടെ ബ്ലോക്ക്ബസ്റ്റർ വിജയം രചിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടി – വൈശാഖ് എന്നിവരുടേത്. ഈ സീരിയസിലെ മൂന്നാം ഭാഗമായ മിനിസ്റ്റർ രാജയും ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ്. പോക്കിരിരാജയിലൂടെയാണ് വൈശാഖ് തന്റെ സംവിധാന കരിയർ ആരംഭിക്കുന്നത്. പിന്നീട് സീനിയേഴ്സ്, വിശുദ്ധൻ, മല്ലു സിംഗ്, പുലിമുരുകൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ അദ്ദേഹം ഒരുക്കി.