സൂപ്പർഹിറ്റ് ചിത്രം പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘മോൺസ്റ്റർ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സിഖ് വേഷത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. പടത്തിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിക്കും.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഉദയകൃഷ്ണയാണ്. റെക്കോർഡ് കളക്ഷനോടു കൂടി നൂറുകോടി ക്ലബിലെത്തിയ ആദ്യമലയാളചിത്രമാണ് മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘മോൺസ്റ്റർ’ നിർമിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായ ‘എലോണി’ന് ശേഷം ഏത് പ്രൊജക്ട് എന്ന അവ്യക്തത തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വൈശാഖ് – ഉദയകൃഷ്ണ ചിത്രമെത്തുന്നത്. ‘എലോൺ’ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ ബാറോസിന്റെ ജോലികളിലേക്ക് മോഹൻലാൽ കടന്നിരുന്നു. നവംബർ ഒന്നിന് ദുബായിലേക്ക് പോകുന്ന മോഹൻലാൽ പത്തിന് മടങ്ങിയെത്തും. മടങ്ങിയെത്തിയതിനു ശേഷം വൈശാഖ് ചിത്രത്തിൽ ജോയിൻ ചെയ്യും. പുലിമുരുകന്റെ രണ്ടാം ഭാഗം തുടങ്ങുന്നതിനെക്കുറിച്ച് ആലോചന ഉണ്ടായിരുന്നു. അതിനിടെയാണ് മറ്റൊരു കഥയുമായി ഉദയകൃഷ്ണ മോഹന്‍ലാലിനെ സമീപിക്കുന്നതും അത് പെട്ടെന്നൊരു പ്രൊജക്ടായി മാറിയതും.