പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം. നൂറ് കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതൽ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ അതിനെ വെല്ലാൻ മറ്റൊരു മലയാള ചലച്ചിത്രം എത്തുകയാണ്. അതും മോഹൻലാൽ ചിത്രം തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മോഹൻലാൽ തന്നെ നായകനും സംവിധായകനുമാകുന്ന ബറോസാണ് മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാകാൻ ഒരുങ്ങുന്നത്. നൂറ്റമ്പത് കോടിയും പിന്നിട്ടുള്ള ലൂസിഫറിന്റെ കുതിപ്പ് മോഹൻലാൽ എന്ന നടന്റെ മാർക്കറ്റ് മറ്റു രാജ്യങ്ങളിൽ പോലും വളർത്തിയിട്ടുണ്ട്. നവോദയ ജിജോ തിരക്കഥ എഴുതുന്ന ഈ ചിത്രം ലോക നിലവാരത്തിൽ ഉള്ള ഒരു ത്രീഡി ചിത്രമായി ആണ് ഒരുക്കാൻ പോകുന്നത്.
ഗോവയിലും മറ്റു രാജ്യങ്ങളിലുമായി ചിത്രീകരണം നടക്കാൻ പോകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം നവംബറിൽ തുടങ്ങുമെന്നാണ് അറിയാൻ കഴിയുന്നത്. മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുമ്പോൾ അദ്ദേഹത്തിനൊപ്പം ഒരു കുട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രത്തിൽ ആണ്. സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദറും ഉടൻ ചിത്രീകരണം ആരംഭിക്കും.