സീ കേരളം ചാനലിലൂടെ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി തീർന്ന ചെമ്പരത്തിയിലെ കല്യാണിയെ അവതരിപ്പിക്കുന്ന അമല ഗിരീശൻ വിവാഹിതയായി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരുത്തി. ഒരു നാടൻ പെൺകുട്ടിയുടെ കഥയാണ് സീരിയലിന് ആധാരം. ഫ്രീലാന്‍സ് ക്യാമറമാന് ആയ പ്രഭു ആണ് വരന്. ലോക്ക് ഡൗൺ കാലമായതിനാൽ ലളിതമായ രീതിയിലാണ് വിവാഹം നടന്നത്.
അഞ്ചു വർഷമായി അഭിനയരംഗത്തുള്ള ആളാണ് അമല. സ്പർശം എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്. തുടർന്ന് കാട്ടുകുരങ്ങ്, നീർമാതളം, സൗഭാഗ്യവതി തുടങ്ങിയ പരമ്പരകളിലും വേഷമിട്ടു. നീർമാതളത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും അമല നേടിയെടുത്തിരുന്നു.
കോഴിക്കോടാണ് അമലയുടെ നാടെങ്കിലും അച്ഛൻ ഗിരീശാകുമാറിനും അമ്മ സലിജക്കുമൊപ്പം തിരുവനന്തപുരത്താണ് അമല താമസിക്കുന്നത്. അച്ഛൻ കൃഷിക്കാരനാണ്. അമ്മ വീട്ടമ്മയും. ചേച്ചി അഖില വിവാഹിതയാണ്.