Monday, March 1

സാജൻ ബേക്കറിയും ഹൃദയവും തീയറ്ററുകളിൽ തന്നെ റിലീസിന് എത്തിക്കുമെന്ന് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം; വിനീതും പ്രണവും അജുവും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല

Pinterest LinkedIn Tumblr +

പ്രശസ്ത സ്റ്റുഡിയോ ആയ മെരിലാൻഡിന്റെ ഉടമസ്ഥൻ ആയിരുന്ന സുബ്രഹ്മണ്യത്തിന്റെ കൊച്ചു മകൻ ആയ വിശാഖ് സുബ്രഹ്മണ്യമാണ് ഇപ്പോൾ തിരുവനന്തപുരത്തെ പ്രശസ്ത തീയേറ്ററുകൾ ആയ ശ്രീകുമാർ, ശ്രീ വിശാഖ്, ന്യൂ ഒക്കെ നോക്കി നടത്തുന്നത്. അതോടൊപ്പം തന്നെ അദ്ദേഹം ഇപ്പോൾ നിർമാതാവിന്റെ വേഷത്തിലും മലയാള സിനിമയിൽ അരങ്ങേറി കഴിഞ്ഞു. നിവിൻ പോളി- നയൻ താര ടീമിനെ വെച്ച് ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം അജു വർഗീസുമായി ചേർന്ന് നിർമ്മിച്ചത് വിശാഖാണ്. വിനീത് ശ്രീനിവാസൻ – പ്രണവ് – കല്യാണി ചിത്രം ഹൃദയത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോയും നിർമ്മാണരംഗത്തേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ തീയറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം.

ഒരു നിർമാതാവ് എന്ന നിലയിൽ ഹൃദയവും സാജൻ ബേക്കറിയും എന്നിങ്ങനെ എന്റെ രണ്ടു ചിത്രങ്ങളാണ് കഴിഞ്ഞ വർഷം ഷൂട്ടിങ് ആരംഭിച്ചത്. കൂടാതെ പ്രകാശൻ പറക്കട്ടെ, 9MM എന്നീ ചിത്രങ്ങൾ അന്നൗൺസ് ചെയ്‌തിട്ടുമുണ്ട്‌. അതുകൊണ്ടു തന്നെ ഒ ടി ടി പ്ലാറ്റ്‌ഫോമുകളോട് ഒരു താല്പര്യം ഉണ്ടാകും. എന്നാൽ അത്തരം പ്ലാറ്റ്‌ഫോമുകൾ പ്രധാനമായും വമ്പൻ ബാനറുകളേയും വലിയ സിനിമകളേയും മാത്രമാണ് ലക്ഷ്യമിടുന്നത്. അങ്ങനെ വരുമ്പോൾ ചെറിയ ചിത്രങ്ങൾ ഒരുക്കുന്ന നിർമാതാക്കൾക്ക് തീയറ്ററുകളിൽ ചെയ്യുകയെന്നതല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ല. ഹൃദയത്തിന് നിരവധി ഓഫറുകളാണ് ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും ലഭിച്ചത്. അതിന്റെ റിലീസ് തീയതിയെ കുറിച്ച് ഭയക്കേണ്ട എന്നും എന്നോട് അവർ പറഞ്ഞു. പക്ഷേ ഭാവിയിൽ ഞാൻ ചെറിയൊരു സിനിമ ചെയ്യുകയാണെങ്കിൽ അവർ ഇങ്ങനെ ഒരു ഓഫർ മുന്നോട്ട് വെക്കില്ല. ഒരു തീയറ്റർ ഉടമ എന്ന നിലയിൽ തീയറ്ററുകളിൽ ഇല്ലാത്ത അവസ്ഥയിൽ ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ഒരു ഏകാധിപത്യം ഉടലെടുക്കുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആളുകൾ വന്നില്ലെങ്കിൽ പോലും തീയറ്ററുകൾ തുറക്കുമ്പോൾ സാജൻ ബേക്കറി റിലീസ് ചെയ്യുമെന്ന് ഞാൻ അജുവിനോട് പറഞ്ഞിരുന്നു. സാങ്കേതിക വിദഗ്ദ്ധർ അടക്കം ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം എന്റെ ഈ തീരുമാനത്തിൽ സന്തുഷ്ടരാണ്. കുറുപ്പ്, കുഞ്ഞേൽദൊ തുടങ്ങിയ ചിത്രങ്ങളും തീയറ്റർ റിലീസിന് ഒരുങ്ങുകയാണ്.

ഹൃദയത്തിന് വേണ്ടി വിനീത് ശ്രീനിവാസനോ പ്രണവോ സാജൻ ബേക്കറിക്ക് വേണ്ടി അജു വർഗീസോ ഒരു രൂപ പോലും പ്രതിഫലം വാങ്ങിച്ചിട്ടില്ല. ഈ ചിത്രങ്ങൾ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് ഇവരും പൂർണ പിന്തുണ നൽകിയിട്ടുണ്ട്. നല്ല സിനിമകൾ ആയിരിക്കുമെന്ന് അവർ ഉറപ്പും തന്നിട്ടുണ്ട്. ഇത് പോലെ ഒരേ മനസ്സുള്ള വ്യക്തികൾ ഒന്ന് ചേർന്നാലേ കോവിഡിന് മുൻപ് തീയറ്ററുകൾ എങ്ങനെയായിരുന്നുവോ അതേ നിലയിൽ തിരിച്ചെത്തുവാൻ നമുക്ക് സാധിക്കൂ. തീയ്യറ്ററുകൾ എല്ലാം തന്നെ കഴിഞ്ഞ ഒൻപത് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അതിനാൽ തന്നെ ഒരു രൂപയുടെ വരുമാനം പോലും കിട്ടുന്നുമില്ല. തീയറ്ററുകൾ പുനരാംഭിക്കുന്നതിന് മുൻപ് ചില അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. അതിന് നല്ല ചിലവ് വരും. ക്ലീനിങ്ങിനും അണു വിമുക്തമാക്കുവാനും കൂടുതൽ സമയം വേണ്ടി വരും എന്നുള്ളതിനാൽ തന്നെ ദിവസേന നാല് പ്രദർശനങ്ങൾ എന്നുള്ളത് മൂന്നായിട്ട് ചുരുക്കേണ്ടി വരും. ഒരു മനുഷ്യൻ പോലും വന്നില്ലെങ്കിൽ പോലും കുറഞ്ഞത് രണ്ടു ആഴ്ച എങ്കിലും ഓരോ ചിത്രങ്ങളും എന്റെ തീയറ്ററുകളിൽ പ്രദർശിപ്പിക്കും. ഒരു തീയറ്റർ ഉടമ എന്ന നിലയിൽ അതെന്റെ കടമയാണ്. ഒരു സിനിമ നിർമാതാവ് എന്ന നിലയിൽ നല്ല സിനിമ നൽകി തീയറ്റർ ഉടമകളെ സഹായിക്കുവാനും എനിക്ക് അത് വഴി സാധിക്കും.

യുവാക്കൾ തീയറ്ററുകളിലേക്ക് വരും എന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. ഇപ്പോൾ എല്ലാവരും റെസ്റ്റോറന്റുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും പോകുന്നുണ്ട്. എയർപോർട്ടിൽ പോയാൽ ലോബിയിലെ ടെംപെറേച്ചർ പരിശോധനക്ക് ശേഷം വിമാനത്തിനകത്ത് അടച്ചുപൂട്ടിയ ഒരു അന്തരീക്ഷത്തിൽ തന്നെയാണ് രണ്ടു മണിക്കൂറുകൾ ഒക്കെ യാത്രക്കാർ പോകുന്നത്. തീയ്യറ്ററിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. നല്ല സിനിമ ആണെങ്കിൽ യുവാക്കൾ അത് തീയറ്ററുകളിൽ കാണുകയും അവരുടെ അഭിപ്രായം അറിഞ്ഞ് കുടുംബപ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുകയും ചെയ്യും.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.