പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ലൂസിഫർ പ്രദർശനത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കിടിലൻ കഥാപാത്രവുമായി എത്തുന്ന ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ഓരോ ദിവസവും ആവേശം കൂടികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിങ് വർക്കുകളും തുടങ്ങിയിരിക്കുകയാണ്. അതിന്റെ സന്തോഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്ക് വെച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. “ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു വളർന്നു. ഇപ്പോൾ ഇതാ എന്റെ ആദ്യ സംവിധാന സംരംഭത്തിന് വേണ്ടി അദ്ദേഹത്തെ ഡബ്ബിങ്ങിൽ സൂപ്പർവൈസ് ചെയ്യുന്നു. ഇതിൽ കൂടുതൽ എന്ത് വേണം? താങ്ക് യു ലാലേട്ടാ” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫറിന്റെ നിർമാണം.