ഇന്ത്യന്‍ സിനിമാരംഗത്തെ പേരു കേട്ട ഛായാഗ്രാഹകരില്‍ ഒരാളാണ് മലയാളിയായ സന്തോഷ് ശിവന്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ള ആള് കൂടിയാണ് സന്തോഷ് ശിവന്. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ഫാന്റസി ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കാനൊരുങ്ങുകയാണ് സന്തോഷ് ശിവന്. മോഹന്‍ലാലുമായി ഒരുപാട് വര്‍ഷത്തെ സൗഹൃദമാണെന്നും അദ്ദേഹം വിളിച്ചപ്പോള്‍ താന്‍ വന്നതാണ് ഈ ചിത്രത്തിന് വേണ്ടിയെന്നും സന്തോഷ് ശിവന് പറയുന്നു. അതേ സമയം മനോഹരമായി ചിത്രങ്ങളെടുക്കുന്ന ആളാണ് മോഹന്‍ലാലെന്നും അദ്ദേഹം എടുക്കുന്ന ചിത്രങ്ങളെല്ലാം തനിക്കു അയച്ചു തരാറുണ്ടെന്നും സന്തോഷ് ശിവന് പറയുന്നു.
മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളിലൂടെയാണ് തനിക്കു ഏറ്റവും കൂടുതല്‍ ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചത് ആണെന്നും സന്തോഷ് ശിവന് ഓര്‍ത്തെടുക്കുന്നു. പെരുംതച്ചന് എന്ന മലയാള ചിത്രത്തിലൂടെ ഛായാഗ്രഹണത്തിനുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് ശിവന് പിന്നീട് അതേ കാറ്റഗറിയില്‍ അവാര്‍ഡ് നേടിയത് കാലാപാനി, ഇരുവര്‍, ദില്‍സേ എന്നീ ചിത്രങ്ങള്‍ക്കാണ്. അതില്‍ കാലാപാനി മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലും, ഇരുവര്‍ മോഹന്‍ലാല്‍- മണി രത്നം കൂട്ടുകെട്ടിലും ഒരുങ്ങിയ ചിത്രങ്ങളാണ്. ഇത് കൂടാതെ കാലാപാനി, പവിത്രം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ കേരളാ സംസഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ദ്രജാലം, നമ്പര്‍ 20 മദ്രാസ് മെയില്‍, അപ്പു, അഹം, യോദ്ധ, ഗാന്ധര്‍വം, പവിത്രം, നിര്‍ണ്ണയം, കാലാപാനി, ഇരുവര്‍, വാനപ്രസ്ഥം എന്നീ ചിത്രങ്ങളില്‍ ആണ് ബറോസിന് മുന്‍പ് മോഹന്‍ലാല്‍- സന്തോഷ് ശിവന് ടീം ഒന്നിച്ചിട്ടുള്ളത്.